Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nattakam Guest House

Kottayam

തെരഞ്ഞെടുപ്പ് കാലത്ത് തിരക്കൊഴിഞ്ഞ് നാട്ടകം ഗസ്റ്റ് ഹൗസ്

കോട്ടയം: തെരഞ്ഞെടുപ്പ് കാലം രാഷ്‌ട്രീയ ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും സമയമാണ്. സ്ഥാനാര്‍ഥി നിര്‍ണയം, രാഷ്‌ട്രീയ ചര്‍ച്ചകള്‍, പ്രചാരണ തന്ത്രങ്ങള്‍, നേതാക്കളുടെ യോഗങ്ങള്‍ എല്ലാം തെരഞ്ഞെടുപ്പു കാലത്ത് രഹസ്യമായും പരസ്യമായും നടക്കാറുണ്ട്.

രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊക്കെ എല്ലാ തെരഞ്ഞെടുപ്പുകാലത്തും ആതിഥ്യം ഒരുക്കിയിരുന്ന നാട്ടകം ഗസ്റ്റ് ഹൗസ് ഇക്കൊല്ലം ശാന്തമാണ്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാന്‍ രണ്ടുമാസം കൂടിയെടുക്കുന്നതാണു കാരണം.

നൂറു വര്‍ഷത്തോളം പഴക്കമുള്ള ഈ ഗസ്റ്റ് ഹൗസ് തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കെത്തുന്ന രാഷ്ട്രീയ നേതാക്കളുടെ ചര്‍ച്ചാകേന്ദ്രവും താമസസ്ഥലവുമായിരുന്നു. ആലപ്പുഴ കയര്‍ ഫാക്ടറിയുടെ ചുമതലക്കാരനായി എത്തിയ ഡി.എച്ച്. ഡേവി എന്ന സായിപ്പ് ജോലിയില്‍നിന്നും വിരമിച്ചപ്പോള്‍ 1928ല്‍കൊടൂരാറിനടുത്ത് മണിപ്പുഴ മുപ്പായിക്കാട് എട്ടര ഏക്കര്‍ സ്ഥലം വാങ്ങി ബംഗ്ലാവ് പണിയുന്നത്.

രണ്ടു സ്യൂട്ട് മുറികളടക്കം എട്ട് മുറികളാണ് ബംഗ്ലാവിലുണ്ടായിരുന്നത്. വൈദ്യുതിയില്ലാതിരുന്ന അക്കാലത്ത് ഇംഗ്ലണ്ടില്‍നിന്നും ജനറേറ്റര്‍ എത്തിച്ചതും അതില്‍നിന്നുള്ള വെളിച്ചവുമൊക്കെ നാട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു. നിലവില്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പിനു കീഴിലാണ് ഗസ്റ്റ് ഹൗസ്.

രാഷ്ട്രപതിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, മറ്റു രാഷ്ട്രീയ നേതാക്കളൊക്കെ കോട്ടയത്ത് സന്ദര്‍ശനത്തിനെത്തുമ്പോള്‍ താമസത്തിനു തെരഞ്ഞെടുക്കുന്ന ഇടമാണിത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സോണിയ ഗാന്ധിയും ഇവിടെ എത്തിയിരുന്നു.

മുന്‍ രാഷ്ട്രപതിമാരായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, കെ.ആര്‍. നാരായണന്‍, ഇപ്പോഴത്തെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍, ഗവര്‍ണര്‍മാരായിരുന്ന സി.വി. ആന്ദബോസ്, പി.എസ്. ശ്രീധരന്‍ പിള്ള എന്നിവരൊക്കെ കോട്ടയത്തെത്തുമ്പോള്‍ താമസിക്കുന്നതും നാട്ടകത്തെ ഗസ്റ്റ് ഹൗസിലാണ്. മുഖ്യമന്ത്രി പിണറായി വിജയനും താമസത്തിനായി പലതവണ എത്തിയിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമൊക്കെയായിരുന്ന കാലത്ത് ശനിയാഴ്ച രാത്രിയില്‍ എത്തി ഗസ്റ്റ് ഹൗസില്‍ തങ്ങി പുലര്‍ച്ചെ പുതുപ്പള്ളി പള്ളിയില്‍ പോയിരുന്നത് പതിവായിരുന്നു.

കെ.എം. മാണിയും ടി.എം. ജേക്കബും പി.ജെ. ജോസഫും ആര്‍. ബാലകൃഷ്ണപിള്ളയുമൊക്കെയായി കേരള കോണ്‍ഗ്രസിന്‍റെ തുടക്കം, വളര്‍ച്ച, പിളര്‍പ്പ് തുടങ്ങിയ ചര്‍ച്ചകള്‍ക്കും ഗസ്റ്റ് ഹൗസ് പലതവണ വേദിയായി. ഏറ്റവും മികച്ച ഗാര്‍ഡനുള്ള ഗസ്റ്റ് ഹൗസാണെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.

ആലപ്പുഴയില്‍നിന്നും കിട്ടുന്ന ഫ്രഷ് കരിമീനാണ് ഇവിടുത്തെ കാന്‍റീനിലെ പ്രധാന വിഭവം. അതിഥികള്‍ ആവശ്യപ്പെടുന്ന ഭക്ഷണം ഉണ്ടാക്കി നല്‍കും. ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് ഡേവി സായിപ്പിന്‍റെ അതിഥിയായി വര്‍ഷത്തിലൊരിക്കല്‍ ഇവിടെ എത്തിയിരുന്നു.

തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരും ഇവിടുത്തെ സന്ദര്‍ശകനായിരുന്നു. അങ്ങനെയാണ് ഗസ്റ്റ് ഹൗസ് ഇരിക്കുന്ന കവലയ്ക്ക് ദിവാന്‍കവല എന്ന പേര് വന്നത്. 2028ല്‍ 100 വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ഗസ്റ്റ് ഹൗസ്. അറ്റകുറ്റപ്പണികള്‍ക്കുശേഷം അടുത്ത മാസം ഗസ്റ്റ് ഹൗസ് തുറക്കും.

Latest News

Corehub Up